കൊച്ചി. ചരിത്ര പ്രസിദ്ധമായ വല്ലാർപാടം പള്ളിയുടേയും പരിശുദ്ധ വല്ലാർപാടത്തമ്മയുടെ അങ്ങുത ചിത്ര സ്ഥാപനത്തിന്റേയും അഞ്ഞൂറ് വർഷം പൂർത്തിയാകുന്ന മഹാ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തിരി തെളിയും. വൈകീട്ട് 3.30 ന് വല്ലാർപാടം പഴയ പള്ളിക്കൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന വർണ്ണാഭമായ ജൂബിലി വിളംബര റാലി, ഹൈബി ഈഡൻ എം.പി. ഉത്ഘാടനം ചെയ്യും. വിശുദ്ധരുടെ വേഷം ധരിച്ചവർ, പരമ്പരാഗത വസ്ത്രധാരികൾ, വിവിധ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, എന്നിവ അണിനിരക്കുന്ന റാലി, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിൽ മുളവുകാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.അക്ബർ അധ്യക്ഷനായിരിക്കും.
ഗോശ്രീ റോഡ് വഴി റാലി ദേവാലയത്തിലെത്തുമ്പോൾ വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ജൂബിലി നാളം തെളിച്ച് ആഘോഷ പരിപാടികളുടെ ഉത്ഘാടനം നിർവ്വഹിക്കും. തുടർന്ന് ആർച്ച്ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയെ തുടർന്ന് ജൂബിലി സ്മാരകമായി നിർമ്മിക്കുന്ന നിത്യാരാധനാലയത്തിന്റെ അടിസ്ഥാന ശിലയുടെ വെഞ്ചിരിപ്പും, കൃതജ്ഞത ഗാനത്തിന്റെ പ്രകാശനവും ആർച്ച്ബിഷപ്പ് നിർവ്വഹിക്കും. ഒരു വർഷം നീണ്ടു നില്ക്കുന്ന തിരുസ്വരൂപ പ്രയാണത്തിനും അന്നേദിനം ആരംഭം കുറിക്കും. ഇടവകയിലെഎല്ലാ ഭവനങ്ങളിലേക്കുമുള്ള ജൂബിലി പതാകകൾ ആശീർവദിച്ചു നല്കും. ഫാ. ഐസക് കുരിശിങ്കൽ വചനപ്രഘോഷണകർമ്മം നിർവ്വഹിക്കും.
മഹാജൂബിലിയുടെ ഭാഗമായി ആധ്യാത്മിക - സാംസ്ക്കാരിക പരിപാടികൾക്ക് പുറമേ, വിവിധ ചരിത്ര സെമിനാറുകൾ, അടിസ്ഥാന സൗകര്യ വികസനം, സാധുജന സേവനം, യുവജനക്ഷേമം എന്നിവയ്ക്ക് ഊന്നൽ നല്കിയുള്ള പദ്ധതികൾ നടന്നു വരുന്നതായി ബസിലിക്ക റെക്ടർ ഫാ.ആന്റണി വാലുങ്കൽ, ജനറൽ കൺവീനർ പീറ്റർ കൊറയ എന്നിവർ അറിയിച്ചു